Freitag, 5. März 2010

പ്രതിഫലവും ലാഭവും

മനുഷ്യക്കുഞ്ഞുങ്ങളില്‍ പയ്യെപ്പയ്യെ വ്യക്തിബോധം ഉരുത്തിരിഞ്ഞുവരുന്നത് രസകരമായ ഒരു പ്രതിഭാസമാണ്. ഒരിക്കല്‍ സ്വത്വബോധം കൈവരിച്ചു കഴിഞ്ഞാല്‍, തുടര്‍ന്ന്‌ മരണംവരെ വ്യക്തിപരമായ വികസനത്തെയും പ്രഫുല്ലതയെയും ലക്‌ഷ്യംവച്ചാണ് മനുഷ്യന്റെ മുന്നേറ്റം. സമഷ്ടിഭാവം (സമൂഹബോധം) വ്യക്തിഭാവത്തിന്റെ പരിരക്ഷക്കെന്നോണം ഒരു പുറംതാളുപോലെ അന്ഗീകരിക്കപ്പെടുക എന്നതില്‍ കവിഞ്ഞു മിക്ക മനുഷ്യര്‍ക്കും അത്ര പ്രാധാന്യമുള്ളതായിത്തീരുന്നില്ല. ആദിവാസി സമൂഹങ്ങളില്‍ ഇത് നേരെ തിരിച്ചാണ്. വ്യക്തിസ്വാര്‍ഥത, സ്വകാര്യസ്വത്ത് തുങ്ങിയവ അവര്‍ക്കന്യമാണ്. എല്ലാറ്റിലും കൂട്ടായ്മയാണവരെ നയിക്കുന്ന പ്രേരകത്വം. ജീവിതലക്‌ഷ്യം വെറും വ്യക്തിത്വവികസനം മാത്രമാകുമ്പോള്‍ ഒരുവന്‍ തേടിപ്പോകുന്ന അറിവിന്റെ വ്യാപ്തിയും ചുരുങ്ങിപ്പോകുന്നു. അറിവെന്നത് അനന്തമായ ഒരു പ്രകാശധാരയാണെന്നും അതിലേയ്ക്ക് നയിക്കപ്പെടുകയെന്നാല്‍ ബോധപ്രകാശനത്തിന്റെ അത്യുദാത്തഭാവത്തെയെന്നപോലെ എല്ലാറ്റിനെയും എകീകരിക്കുന്ന സരളതയെയും അനുഭവിച്ചറിയുകയാണെന്നും മിക്കവാറും ആള്‍ക്കാര്‍ കണ്ടെത്തുന്നേയില്ല.

നാം സമാഹരിക്കുന്ന അറിവിന്റെയും മറ്റു സമ്പത്തുകളുടെയും ഏറ്റക്കുറച്ചിലുകള്‍, പരിമിതികള്‍ അല്ലെങ്കില്‍ പോരായ്‌മകള്‍ ആണ് വ്യക്തികള്‍ തമ്മിലുള്ള വ്യസ്തസ്തതകളുടെ ഉറവിടം.
അഹം എത്ര ശക്തമാകുന്നുവോ, അത്രയും അരക്ഷിതനാകുകയാണ് ഓരോ വ്യക്തിയും. പണം, സുഖം, അധികാരം എന്നിവ കൂടുതല്‍ നേടുന്നതിലുടെയാണ് "ഞാന്‍" വളരുന്നത്. എന്നാല്‍ കൂടുതല്‍ കിട്ടുന്നത് കൂടുതല്‍ നഷ്ടപ്പെടുമെന്നുള്ള ഭയമുന്ടാക്കുന്നു. മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടി കിട്ടേണ്ടത് ഒരാള്‍ നേടുകയും കൂട്ടിവയ്ക്കുകയും ചെയ്യുമ്പോള്‍ അത് ഒറ്റപ്പെടലിന് കാരണമാകുന്നു. ആന്തരികമായ ശൂന്ന്യത വര്‍ധിക്കുന്നു. ഏറ്റം അഗാധമായ തലത്തില്‍ സാമ്പത്തികഭദ്രത അല്ലെങ്കില്‍ സുഖം ദൈവത്തിലേക്കുള്ള, പ്രശാന്തിയിലേക്കുള്ള വഴിയാകുന്നില്ല. കാരണം, എല്ലാവിധ നേട്ടങ്ങളും ദ്വൈതത്തെ പരിപോഷിപ്പിക്കുന്നു. ദൈവം, ശാന്തി എന്നിവ എല്ലാ ദ്വൈതങ്ങള്‍ക്കും അപ്പുറത്താണ്.

ഏതു ജോലിക്കും വ്യവഹാരത്തിനും ക്രയവിക്രയത്തിനും അതാതിന്റെ മൂല്യനിര്‍ണ്ണയം അനുവദിക്കുന്ന പ്രതിഫലം ആഗ്രഹിക്കാവുന്നതാണ്. എന്നാലത് ലാഭക്കൊതിയാവുമ്പോള്‍ അതിനതിരില്ലാതാകുന്നു. അതില്‍ പിന്നെ നീതിന്യായങ്ങളില്ല. സ്വിസ് ബാങ്കുകളാണ് ഒന്നാന്തരം ഉദാഹരണങ്ങള്‍. ഓരോ വര്‍ഷത്തെയും അധിക മിച്ചലാഭാത്തെ ഇരട്ടിപ്പിക്കുകയാണ് അടുത്ത വര്‍ഷത്തെ ലക്‌ഷ്യം. നിക്ഷേപകര്‍ വിഡ്ഢികളായി എന്നും മൂലധനദാദാക്കളായി കഴിയുന്നു. ഇതൊരു മുതലാളിത്തരോഗമാണ്. സമ്പദ്‌വ്യവസ്ഥിതിയെ താറുമാറാക്കുന്ന ഈ മൂല്യച്യുതി അമേരിക്ക, യുറോപ് എന്നിവടങ്ങളില്‍ നിന്ന് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പരന്നുകഴിഞ്ഞു. ഒരിക്കലും കരകയറാനാവാത്ത ദാരിദ്ര്യത്തിലേക്ക് ജനകോടികളെ ചവുട്ടിതാഴ്ത്തുന്ന ചൂഷണമാണിത്.

സംസ്കൃതത്തില്‍ "ലഭ്" എന്നാല്‍ ലഭിക്കുക എന്നും "ലുഭ്" എന്നാല്‍ അത്യാഗ്രഹം തോന്നുക എന്നുമാണ് അര്‍ഥം. ആദ്യത്തേത് രണ്ടാമത്തേതായി മാറാന്‍ ഒരു ചെറിയ കുനുപ്പു മതി. അതാണ്‌ ലാഭക്കൊതി. ലാഭത്തിന്‍റെ രുചിയറിഞ്ഞാല്‍ നീതിബോധമതോടെ മറയുന്നു. ആയുധക്കമ്പോളങ്ങളെയും യുദ്ധക്കൊതിയന്മാരെയും ഊട്ടി വളര്‍ത്തുന്നത് ഈ സംസ്കാരശോഷണമാണ്. കൊല്ലും കൊലയും സമൂല നശീകരണങ്ങളും ചിലരുടെ മാത്രം ലാഭനഷ്ടങ്ങളുടെ പേരില്‍ നിത്യസംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു.

സക്കറിയാസ് നെടുങ്കനാല്‍

Keine Kommentare:

Kommentar veröffentlichen