Donnerstag, 1. April 2010

നിത്യ വ്യായാമം ആയാസമില്ലാതെ

നിത്യ വ്യായാമം ആയാസമില്ലാതെ
Courtesy: Mathrubhumi
ഏതുവിധത്തിലായാലും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്കണം. അതിനുള്ള ചില എളുപ്പവഴികളാണിവിടെ.

സര്‍വസാധാരണമായ ഗ്യാസ്ട്രബിള്‍, ശരീരവേദനകള്‍ എന്നിവ മുതല്‍ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും കാന്‍സറുകളും വരെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല വഴിയാണ് വ്യായാമശീലം. ശ്വസനസഹായ വ്യായാമങ്ങള്‍ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്. അതോടൊപ്പം വെയിറ്റ് ട്രെയിനിങ് പോലുള്ള വ്യായാമങ്ങളും ഒരളവുവരെ സ്വീകരിക്കേണ്ടതാണെന്നാണ് ഇപ്പോ ഴത്തെ കാഴ്ചപ്പാട്.

നല്ലനടപ്പ്
സാധാരണക്കാരെ സംബന്ധിച്ചാണെങ്കില്‍ ഏറ്റവും നല്ല വ്യായാമം നടത്തം തന്നെ. നിത്യവും അരമണിക്കൂറെങ്കിലും സാമാന്യം വേഗത്തില്‍ നടക്കണം. ഹൃദയമിടിപ്പ് നിശ്ചിത തോതുവരെ ഉയരുന്ന തരത്തിലുള്ള വ്യായാമം വേണം. ഇങ്ങനെ ഉയര്‍ന്ന ഹൃദയമിടിപ്പ് 20 മിനിറ്റുനേരമെങ്കിലും നില്‍ക്കുമ്പോഴാണ് കൊളസ്‌ട്രോള്‍ എരിയുക തുടങ്ങി വ്യായാമത്തിന്റെ ശരിയായ പ്രയോജനങ്ങള്‍ കിട്ടിത്തുടങ്ങുന്നത്. രാവിലെയാണെങ്കില്‍ ഉറക്കമുണര്‍ന്ന് അധികം വൈകാതെ ഒരുഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം നടക്കുന്നതാണ് നല്ലത്. പ്രമേഹം പോലുള്ള പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഒരു ഗ്ലാസ്സ് പഴച്ചാറു കുടിച്ചശേഷം നടക്കാവുന്നതാണ്.

ആദ്യത്തെ മൂന്നു നാലുമിനിറ്റ് പതുക്കെ നടന്ന് വേഗം വര്‍ധിപ്പിച്ച് ഏതാണ്ട് 2022 മിനിറ്റ് സാമാന്യം നല്ല വേഗത്തില്‍ നടന്ന് വീണ്ടും പതുക്കെ വേഗം കുറച്ച് നടത്തം നിര്‍ത്തുകയാണ് വേണ്ടത്.തല ഉയര്‍ത്തിപ്പിടിച്ച് അല്പം ദൂരെ കാഴ്ചയുറപ്പിച്ച് നിവര്‍ന്ന് നടക്കണം.

എയ്‌റോബിക് ഡാന്‍സ്
രാവിലെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്തവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ പ്രിയപ്പെട്ട മറ്റൊരു വ്യായാമമുറയാണ് എയ്‌റോബിക് ഡാന്‍സ്. വീട്ടില്‍ത്തന്നെ മുറിയടച്ചിട്ടിരുന്ന് എയ്‌റോബിക് ഡാന്‍സ് നടത്താനാവും. വളരെ എളുപ്പത്തില്‍ ശീലിക്കാവുന്നതുമാണിത്.

സ്‌ട്രെസ്സും ടെന്‍ഷനുമകറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു വഴികൂടിയാണ് എയ്‌റോബിക് ഡാന്‍സ്. മുറിയടച്ചിട്ടു ചെയ്യാം എന്നതിനാല്‍ മനസ്സിന് എല്ലാത്തരത്തിലും അയവു നല്‍കാനും ശരീരം തികച്ചും സ്വതന്ത്രമായി തോന്നും പോലെ ചലിപ്പിക്കാനുമാവും.

ലഘുയോഗ
മുതിര്‍ന്നയാളുകള്‍ക്ക് പൊതുവേ ഇഷ്ടപ്പെടുന്നത് ചെറിയതരത്തിലുള്ള യോഗമുറകളായിരിക്കും. കഠിനപരിശീലനത്തിലൂടെ യോഗമുറകള്‍ പഠിച്ചിട്ടു ചെയ്യാനൊന്നും കാത്തു നില്‍ക്കേണ്ടതില്ല. സാധാരണമായി നാം ചെയ്യുന്ന പല ലഘുവ്യായാമങ്ങളും യോഗയിലെ ലഘുവായ ആസനങ്ങള്‍ തന്നെയാണ്. പാദഹസ്താസനം, പാര്‍ശ്വത്രികോണാസനം, പശ്ചിമോത്താനാസനം തുടങ്ങിയവയൊക്കെ പ്രത്യേകിച്ച് പരിശീലനമൊന്നുമില്ലാതെ തന്നെ ചെയ്യാവുന്നവയാണ്.

പാദഹസ്താസനം: നിവര്‍ന്നു നിന്ന് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പിടിക്കുക. മുന്നോട്ടു കുനിഞ്ഞ് കാല്‍മുട്ടു വളയാതെ പാദങ്ങളില്‍ തൊടുക. ഇതേ തരത്തില്‍ 10 തവണ ചെയ്യുക.

പാര്‍ശ്വത്രികോണാസനം: കാല്‍പ്പാദങ്ങള്‍ തെല്ലകത്തിവെച്ച് നിവര്‍ന്ന് നില്‍ക്കുക. കൈകള്‍ വശങ്ങളിലേക്ക് നീട്ടി നിവര്‍ത്തി പിടിക്കുക.മുന്നോട്ടു കുനിഞ്ഞ് ഇടതുകൈ കൊണ്ട് വലതുകാല്‍പ്പാദത്തില്‍ തൊടുക. ഈ സമയം വലതു കൈ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തി പിടിച്ചിരിക്കണം. വലതുകൈയുടെ അഗ്രത്തായിരിക്കണം നോട്ടം ഉറപ്പിക്കുന്നത്. അടുത്തതായി തിരിഞ്ഞ് വലതു കൈ കൊണ്ട് ഇടതുകാല്‍പ്പാദത്തില്‍ തൊടുക. ഇടതുകൈ ഉയര്‍ത്തിപ്പിടിച്ച് അതിനറ്റത്ത് നോട്ടം ഉറപ്പിക്കണം. ഇങ്ങനെ ഇരു കൈകളും മാറിമാറി 10 തവണ ചെയ്യുക.
പശ്ചിമോത്താനാസനം: കാലുകള്‍ ചേര്‍ത്ത് നീട്ടി ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈകള്‍ നീട്ടി കാല്‍പ്പാദത്തില്‍ തൊടുക. നെറ്റി കാല്‍മുട്ടില്‍ തൊടാന്‍ ശ്രമിക്കാം. നിവര്‍ന്ന ശേഷം വീണ്ടും ഇതേ പോലെ ആവര്‍ത്തിക്കുക. 10 തവണ ചെയ്യുക.

ഭുജംഗാസനം: കമിഴ്ന്ന് നീണ്ടു കിടക്കുക. കൈകള്‍ കുത്തി നെഞ്ചും തലയും ഉയര്‍ത്തി നേരേ മുകളിലേക്ക് നോക്കുക. ദീര്‍ഘമായി ശ്വസിച്ചശേഷം വീണ്ടു പഴയതുപോലെ കിടക്കുക. തുടരെത്തുടരെ 10 തവണ ചെയ്യുക.

പാദഉത്താനാസനം: മലര്‍ന്ന് നീണ്ട് കിടക്കുക. കൈകള്‍ ശരീരത്തിന്റെ വശങ്ങളില്‍ ചേര്‍ത്ത് നീട്ടിവെക്കുക. കാലുകള്‍ മാത്രം പതുക്കെ തെല്ല് ഉയര്‍ത്തുക. ഏതാനും നിമിഷം കാലുകള്‍ ഉയര്‍ത്തി നിര്‍ത്തിയ ശേഷം സാവധാനം താഴേക്കു കൊണ്ടുവരിക. 10 തവണ തുടരെ ചെയ്യുക.

മടുപ്പകറ്റാന്‍
വ്യായാമത്തിനു വേണ്ടി പ്രത്യേകിച്ച് സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ജോലിയുടെ ഇടനേരങ്ങളില്‍ത്തന്നെ ലഘു വ്യായാമത്തിനുള്ള അവസരങ്ങളുണ്ടാക്കാനാവും. ഓഫീസുകളിലും മറ്റും ഒരേ ഇരിപ്പിലിരുന്ന് ജോലിചെയ്യേണ്ടി വരുന്ന വര്‍ക്കാണ് ഇതുവേണ്ടിവരിക. ഓരോ മണിക്കൂറിനും ശേഷം രണ്ടോ മൂന്നോ മിനിറ്റ് എഴുന്നേറ്റു നടന്ന് വിരസതയകറ്റുകയും വ്യായാമം ചെയ്യുകയുമാവാം. ഇങ്ങനെ ചെയ്യാവുന്ന ഏറ്റവും നല്ല വ്യായാമ രീതികളിലൊന്നാണ് പടികയറ്റം. ഓരോ മണിക്കൂറും കഴിയുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒന്നോ രണ്ടോ നില കയറിയിറങ്ങുക. ഈ വേളയില്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയോ മറ്റോ ചെയ്യുന്നതും നല്ലതാണ്. ഉച്ചക്കുള്ള ഇടവേളയില്‍ ഊണിനുശേഷം 15 മിനിറ്റ് മിതവേഗത്തില്‍ ചുറ്റി നടക്കുക. വൈകു ന്നേരം ചായയ്ക്കുള്ള ഇടവേളയില്‍ അഞ്ചുമിനിറ്റ് സാമാന്യം വേഗത്തില്‍ നടക്കുക.

മൂന്നു നില വരെയുള്ള പടികള്‍ കയറാന്‍ ലി ഫ്റ്റ് ഉപയോഗിക്കുകയേ അരുത്. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ വീടിനു തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്നു കയറാതെ ഒരുസ്‌റ്റോപ്പു നട ന്നിട്ടു മാത്രം ബസ്സില്‍ കയറുക. ബസ്സിറങ്ങുമ്പോഴും ഒരു സ്‌റ്റോപ്പു നേരത്തേ ഇറങ്ങി നടക്കുക.സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ വണ്ടി അരകിലോമീറ്ററെങ്കിലും അകലെ പാര്‍ക്ക് ചെയ്ത ശേഷം നടക്കുക.
Courtesy: Mathrubhumi

Keine Kommentare:

Kommentar veröffentlichen